നിങ്ങൾ ഒരു അധ്യാപകനാണോ? വിദ്യാർത്ഥികളെക്കുറിച്ച് പരാതിയുള്ള അധ്യാപകരുണ്ട്. നിങ്ങൾക്കോ?
പണ്ട് കാലങ്ങളിൽ അധ്യാപകവൃത്തി ഒരു ദിവ്യമായ ഏർപ്പാടായിരുന്നു. ഇളം തലമുറയെ പരിശീലിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പിന്നീട് അത് വരുമാന മാർഗ്ഗമായി പലരും സ്വീകരിച്ചു. തുടർന്ന് വിദ്യാഭ്യാസം ഒരു കച്ചവടരംഗമായി മാറി. അങ്ങനെ ലാഭങ്ങളുടെ കണക്കുകൾ വർദ്ധിക്കാൻ തുടങ്ങിയപ്പോൾ വിദ്യാഭാസ സ്‌ഥാപനങ്ങൾ തലമുറകളെ വാർത്തെടുക്കുന്ന ഉത്തരവാദിത്തത്തിൽ നിന്നും മാറിസെർട്ടിഫികറ്റുകൾ നിർമ്മിക്കുന്ന കേന്ദ്രങ്ങളായി. അധ്യാപനത്തിൻ്റെ മഹത്വവും, വിദ്യാഭാസത്തിൻ്റെ നിലവാരവും, വിദ്യാർത്ഥികളുടെ അറിവും താണുപോയി. സമൂഹത്തിൻ്റെ സംസ്കാരം നശിക്കാനും, നാടിൻ്റെ സമാധാനം നഷ്ടപ്പെടാനും, ശത്രുതാ മനോഭാവം വളരാനും അതിടയാക്കി.
വിദ്യഭാസത്തിൻ്റെ പവിത്രത വീണ്ടെടുക്കുവാൻ സാധിക്കുമോ എന്നുറപ്പില്ല. എന്നാൽ, നിങ്ങളൊരു ആദർശമുള്ള അധ്യാപകനാണെങ്കിൽ, ഇന്നത്തെ വ്യവസ്‌ഥിതികൾ മാറ്റാതെ തന്നെ ചിലതൊക്കെ ചെയ്യാനാകും. വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ആളാകണം അധ്യാപകൻ. പഠിക്കേണ്ടത് എങ്ങനെ എന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കണം. ജീവിത അവസാനം വരെ പഠിക്കാൻ ഇത് അവരെ സഹായിക്കും. പഠിക്കുന്ന വിഷയങ്ങളിൽ അറിവിനേടുന്നതിനേക്കാൾ ജിവിതത്തിൽ അവ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പറഞ്ഞ് കൊടുക്കുക. സാമ്പത്തിക ഉച്ചനീചത്തങ്ങളേക്കാൾ സാഹോദര്യത്തിനും, സ്നേഹത്തിനും, കരുതലിനും പ്രാധാന്യം കൊടുത്ത് വിദ്യാർത്ഥികളെ പ്രബുദ്ധരാക്കുക. ഒരു ക്ലാസ്സിലെ ഏറ്റവും മോശപ്പെട്ട വിദ്യാർത്ഥിയെ കൂടുതൽ ശ്രദ്ധയോടെ പഠിപ്പിക്കണം. ബുദ്ധി കുറവായതോ മറ്റ് സാഹചര്യങ്ങളുടെ പ്രതികൂലതകൾ കൊണ്ടോ ആകാം അവർ പിൻ നിരയിൽ ആയിപ്പോയത്. ഒരിക്കലും അങ്ങനെയുള്ളവരെ തള്ളിക്കളയരുത്. നിങ്ങളുടെ സ്നേഹത്തോടെയുള്ള കരുതൽ അവരെ വലിയവരാക്കും, തീർച്ച. ക്ലാസ്സിൽ ഒന്നാമനാകുന്ന കുട്ടി മാത്രമല്ല ജീവിതത്തിൽ വലിയവ ചെയ്യുന്നതോ വിജയിക്കുന്നതോ. തോൽവി സന്തോഷപൂർവ്വം സ്വികരിക്കുവാനും വിജയിക്കുന്നവരെ ബഹുമാനിക്കുവാനും അവരെ പരിശീലിപ്പിക്കണം. സത്യം ഒന്നേയുള്ളു, അത് കണ്ടെത്തി അംഗീകരിക്കുവാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കണം.
ഉയർന്ന ബുദ്ധിയുള്ള കുട്ടികൾക്ക് തനിയെ പഠിക്കാൻ സാധിക്കും. അവർക്ക് ഉയർന്ന നിലവാരമുള്ള സ്കൂളുകളിൽ ചേർന്ന് പഠിക്കാനുള്ള അവസരംഗങ്ങളുണ്ട്. നിലവാരം കുറഞ്ഞ, സാമ്പത്തിക ശേഷി കുറഞ്ഞ കുട്ടികളെ നന്നായി പഠിപ്പിക്കുക എന്നതാണ് ഒരദ്ധ്യാപകൻ്റെ കടമ. ഈ കുട്ടികൾ തുടർന്ന് പഠിക്കാനുള്ള സാധ്യത ഒരുപക്ഷേ കുറവായേക്കാം. അതുകൊണ്ട് നിങ്ങളുടെ ക്ലാസ്സുകൾ അവർക്ക് ഏറെ ആവശ്യമാണ്. ക്ലാസ്സിലെ താഴ്ന്ന നിലവാരമുള്ള കുട്ടികളുടെ ഉയർച്ചയാണ് ഒരദ്ധ്യാപകൻ്റെ വളർച്ചയുടെ തോത് നിർണ്ണയിക്കുന്നത്.
നിങ്ങൾ ഓരോരുത്തരും ചെയ്യുന്ന വളരെ മഹത്തായ കർമ്മത്തിന് ഒരായിരം അഭിനന്ദനങ്ങൾ. മുകളിൽ പറഞ്ഞതുപോലെ നല്ലൊരു ഭാവി തലമുറയെ വളർത്തിയെടുക്കാൻ ഒരുമിച്ച് നിന്ന് മുന്നേറാം.
Discover more from Dr. Saji P Mathai
Subscribe to get the latest posts sent to your email.